6000 എംഎഎച്ച് ബാറ്ററിയുള്ള റെഡ്മി 10 പ്രൈം സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു
ഷവോമി തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോൺ റെഡ്മി 10 പ്രൈം ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ ടിഡബ്ള്യഎസ് റെഡ്മി ഇയർബഡ്സ് 3 പ്രോയ്‌ക്കൊപ്പം ഒരു ഓൺലൈൻ ഇവന്റിലാണ് ഈ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10 ന് ശേഷം വരുന്നതാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന റെഡ്മി 10 പ്രൈം. 90 ഹെർട്സ് ഡിസ്പ്ലേ, 6000 എംഎഎച്ച് ബാറ്ററി തുടങ്ങിയ പ്രധാനപ്പെട്ട സവിശേഷതകളുമായി വരുന്ന ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് മീഡിയടെക് ഹീലിയോ ജി 88 പ്രോസസറാണ്. ഇന്ത്യയിൽ ഈ ചിപ്സെറ്റിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ഫോൺ കൂടിയാണ് റെഡ്മി 10 പ്രൈം എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.

12,499 രൂപ മുതൽ വിലയാരംഭിക്കുന്ന രണ്ട് റാം വേരിയന്റുകളിലാണ് ഈ സ്മാർട്ട്‌ഫോൺ രാജ്യത്ത് അവതരിപ്പിച്ചത്. റെഡ്മി 10 പ്രൈം അടുത്തിടെ ആഗോള വിപണികളിൽ അവതരിപ്പിച്ച റെഡ്മി 10 ൻറെ റീബ്രാൻഡഡ് വേരിയന്റാണ്. എന്നാൽ, ഈ സ്മാർട്ട്ഫോണിൻറെ ഇന്ത്യൻ വേരിയന്റ് ഗ്ലോബൽ വേരിയന്റിലെ 5000 എംഎഎച്ച് ബാറ്ററിയെക്കാൾ മറ്റൊരു വലിയ 6000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു.

ഇന്ത്യയിൽ റെഡ്മി 10 പ്രൈം സ്മാർട്ഫോണിൻറെ വിലയും ഓഫറുകളും
റെഡ്മി 10 പ്രൈമിൻറെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസിക് വേരിയന്റിന് ഇന്ത്യയിൽ 12,499 രൂപ മുതൽ വില ആരംഭിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഈ വേരിയന്റിലെ ഇന്റേണൽ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനാകും. ഈ സ്മാർട്ട്ഫോണിൻറെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 14,499 രൂപയാണ് വില വരുന്നത്. ഈ മോഡലിലെ സ്റ്റോറേജ് 2 ടിബിയായി എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐയും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 750 രൂപ കിഴിവ് ലഭിക്കും. എംഐ.കോം, ആമസോൺ ഇന്ത്യ, ഓഫ്‌ലൈൻ റീട്ടെയിലർമാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സെപ്റ്റംബർ 7 മുതൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും.

റെഡ്മി 10 പ്രൈം സ്മാർട്ഫോണിൻറെ സവിശേഷതകളും പ്രത്യകതകളും
ഒരു പോളികാർബണേറ്റ് റിയർ പാനലുള്ള റെഡ്മി 10 പ്രൈമിന് 192 ഗ്രാം ഭാരവുമുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റിനെ സപ്പോർട്ട് ചെയ്യുന്ന 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്. ഇത് ഒരു അഡാപ്റ്റീവ് ഡിസ്പ്ലേയാണ്, അതായത് സ്ക്രീനിൽ പ്ലേ ചെയ്യുന്നതിനെ ആശ്രയിച്ച് വ്യത്യസ്തമായ റിഫ്രഷ് റേറ്റുകളിലേക്ക് മാറാൻ കഴിയും. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ഈ സ്മാർട്ട്ഫോണിൻറെ സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്.

മീഡിയടെക് ഹീലിയോ ജി 88 SoC പ്രോസസറാണ് റെഡ്മി 10 പ്രൈം സ്മാർട്ഫോണിന് കരുത്തേകുന്നത്. നിങ്ങൾക്ക് 6 ജിബി റാം വരെയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാനും, അതേസമയം സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യുവാനും സാധിക്കുന്നതാണ്. ഓഡിയോയ്ക്കായി ഡ്യുവൽ സ്പീക്കർ സംവിധാനം ഷവോമി ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 10 പ്രൈമിൽ നൽകിയിട്ടുള്ളത്. എന്നാൽ, 22.5W ഫാസ്റ്റ് ചാർജറുമായി ഷവോമി ഈ സ്മാർട്ട്ഫോൺ നൽകുന്നു. 9W റിവേഴ്സ് വയർഡ് ചാർജിംഗും ഈ ഹാൻഡ്‌സെറ്റ് സപ്പോർട്ട് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








