ലോകത്തിന്റെ ഫാക്റ്ററിയും ഐഫോണുകളുടെ തറവാടും... ചൈനയെ തറപറ്റിക്കുമോ മോദിയുടെ ഭാരതം?

|

സാമ്പത്തിക രംഗത്ത് ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി അയൽരാജ്യമായ ചൈനയാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. സാധാരണക്കാരന്റെ ജീവിതം മുതൽ എല്ലാം സർക്കാരും സൈന്യവും പാർട്ടിയും നിർണയിക്കുന്ന ജനാധിപത്യമില്ലാത്ത നാട്ടിലെ പണക്കൊഴുപ്പിനോട് നേരിട്ടേറ്റ് മുട്ടാൻ ഇന്ത്യ അരയും തലയും മുറുക്കിയിറങ്ങിയിട്ട് അധികകാലമായില്ല. അതിർത്തിയിലെ അസ്വാരസ്യങ്ങൾക്ക് പിന്നാലെ ചൈനീസ് ആപ്പുകൾക്കും സ്ഥാപനങ്ങൾക്കും നിക്ഷേപങ്ങൾക്കും മൊബൈൽ കമ്പനികൾക്കും വരെ ഇന്ത്യ മൂക്ക് കയറിട്ടിരുന്നു. ഇതിനിടയിൽ അപ്രതീക്ഷിത അവസരമായി ഇന്ത്യക്ക് വീണ് കിട്ടിയ നിധിയാണ് ആപ്പിളും ഐഫോണുകളും.

ലോകത്തിന്റെ ഫാക്റ്ററിയും ഐഫോണുകളുടെ തറവാടും...


ആപ്പിളും ഇന്ത്യയും പശ്ചാത്തലം

ആപ്പിൾ ഐഫോണുകളുടെ സിംഹഭാഗവും ( ഏകദേശം 98 ശതമാനത്തോളം ) ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. കൊവിഡ് വ്യാപനവും പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും തുടങ്ങി ചൈനയിലെ ആഭ്യന്തര പ്രശ്നങ്ങൾ ഐഫോൺ ഫാക്റ്ററികൾ അടച്ചിടുന്നതിലേക്ക് വരെ നയിച്ചിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഐഫോണുകളുടെ വിൽപ്പന തടസപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഇതിന് പിന്നാലെ ചൈനയിലെ ഐഫോൺ ഉത്പാദനം ഘട്ടം ഘട്ടമായി കുറയ്ക്കാനും പതിയെ പൂർണമായും രാജ്യത്തിന് പുറത്തേക്ക് മാറ്റാനും ആപ്പിൾ തീരുമാനമെടുക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ഫോക്സ്കോണും വിസ്ട്രോണും പോലെയുള്ള ഐഫോൺ ഉത്പാദകർ ഇന്ത്യയിലെ തങ്ങളുടെ പ്ലാന്റുകളുടെ ശേഷിയും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കുകയും ചെയ്തു.


ഇപ്പോഴത്തെ സാഹചര്യം

പശ്ചാത്തലം മനസിലായ സ്ഥിതിക്ക് കാര്യത്തിലേക്ക് വരാം, ആപ്പിൾ ഐഫോണുകളുടെ ഉത്പാദനത്തിൽ ഏറെ മുന്നിലേക്ക് പോയിരിക്കുകയാണ് ഇന്ത്യ. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മാത്രം 2.5 ബില്യണിൽ കൂടുതൽ മൂല്യം വരുന്ന ഐഫോണുകളാണ് ഇന്ത്യയിൽ നിന്നും ആപ്പിൾ കയറ്റി അയച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം നടന്നതിനേക്കാളും ഏകദേശം ഇരട്ടിയോളം! ഇരു രാജ്യങ്ങളും തമ്മിലുള്ള ഉരസലുകൾ കൂടി വരുന്നതിനിടയിലും ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള തങ്ങളുടെ കൂട് മാറ്റം ആപ്പിൾ വേഗത്തിലാക്കുന്നു എന്നതിനുള്ള ഉദാഹരണമായി ഈ കണക്കുകൾ കാണാവുന്നതാണ്.

2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ മാത്രം കണക്ക് വച്ചാണ് ഈ വിലയിരുത്തലുകൾ. ആപ്പിൾ ഐഫോണുകൾ ഉത്പാദിപ്പിക്കുന്ന രണ്ട് പ്രധാന കമ്പനികളാണ് ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പും വിസ്ട്രോൺ കോർപ്പറേഷനും. ഈ രണ്ട് കമ്പനികളും കൂടി നേരത്തെ പറഞ്ഞ കാലയളവിൽ ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യം വരുന്ന ഐഫോണുകൾ ഇന്ത്യയിൽ നിന്നും കയറ്റി അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു പ്രധാന ഐഫോൺ ഉത്പാദകരായ പെഗാട്രോൺ കോർപ്പറേഷൻ ജനുവരിക്കുള്ളിൽ 500 മില്യൺ ഡോളറിന്റെ കയറ്റുമതി നടത്തുമെന്നും കമ്പനികളോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.


ഉയരുന്ന കയറ്റുമതി

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കണക്കുകളിലെ വർധനവ് ആപ്പിൾ ചൈനയ്ക്ക് പുറത്തേക്ക് ഉത്പാദനം മാറ്റുന്നത് വേഗത്തിലാക്കിയെന്നതിന് തെളിവാണ്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി കഴിഞ്ഞ വർഷം മാത്രമാണ് ഇന്ത്യയിൽ ഐഫോണുകളുടെ അസംബ്ലി ആരംഭിച്ചത് പോലും. ഉത്പാദനത്തിന്റെ സിംഹഭാഗവും ചൈനയിൽ എന്ന ആപ്പിളിന്റെ സ്ഥിരം സ്വഭാവത്തിൽ നിന്നുള്ള വലിയ മാറ്റമായി ഇതിനെ അന്ന് തന്നെ വിലയിരുത്തിയിരുന്നു. ആകെയുള്ള ഐഫോൺ ഉത്പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ത്യയിൽ സംഭവിക്കുന്നത് എങ്കിലും ലോകത്തിന്റെയാകെ ഫാക്റ്ററി എന്ന പദവി ചൈനയിൽ നിന്ന് പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികൾക്ക് വലിയ ഊർജമാണ് പകരുന്നത്.


പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്സ് സ്കീം ( പിഎൽഐ )

ഇന്ത്യയിൽ ലഭ്യമായ അളവറ്റ മനുഷ്യവിഭവശേഷി, കുറഞ്ഞ വേതന നിരക്ക്, രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും സർക്കാർ തലത്തിലുള്ള ആനുകൂല്യങ്ങളും, ലോകത്ത് തന്നെ ഏറ്റവും വലിയ വിപണി എന്നിങ്ങനെ ആപ്പിളിന്റെ ഇന്ത്യയിലേക്കുള്ള കടന്ന് വരവിന് പിന്നിൽ ഘടകങ്ങൾ പലതാണ്. ഇക്കൂട്ടത്തിൽ ഏടുത്ത് പറയേണ്ട കാര്യങ്ങളിൽ ഒന്നാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്സ് സ്കീം ( പിഎൽഐ ). ഇന്ത്യയെ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ കുന്തമുനകളിൽ ഒന്നാണ് ഈ പദ്ധതി.

കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്ന പെർഫോമൻസ് മാനദണ്ഡങ്ങൾ പാലിച്ചാൽ അഞ്ച് വർഷത്തേക്ക് ആകെയുള്ള ഉത്പാദനച്ചിലവിന്റെ 4 മുതൽ 6 ശതമാനം വരെ സബ്സിഡി നൽകുന്ന സ്കീം ആണ് പിഎൽഐ. പ്രധാന ഐഫോൺ ഉത്പാദകരായ ഫോക്സ്കോൺ ഒറ്റവർഷം കൊണ്ട് 3.6 ബില്യൺ രൂപയാണ് ഈ സ്കീം വഴി നേടിയത്. മറ്റൊരു കമ്പനിയായ വിസ്ട്രോണിനും പിഎൽഐ സ്കീം വഴിയുള്ള ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ചൈനയിൽ നിന്നുള്ള കൂടുമാറ്റം ഉത്പാദകരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള ജോലിയുമല്ല. അത്രയധികം വലുപ്പമുള്ള ഉത്പാദന ശൃംഖലയാണ് ചൈനയിൽ ഉള്ളത്. 2021ൽ ഇന്ത്യയിൽ മൂന്ന് മില്യൺ ഐഫോണുകൾ നിർമിച്ചെങ്കിൽ ചൈനയിൽ അത് 230 മില്യൺ ആണെന്ന് അറിഞ്ഞിരിക്കണം. ഇതിന്റെ 10 ശതമാനം എങ്കിലും ഇന്ത്യയിലേക്ക് മാറ്റണമെങ്കിൽ ഏറ്റവും കുറഞ്ഞത് 8 വർഷമെങ്കിലും വേണ്ടി വരും. നിലവിൽ ഐഫോൺ ഉത്പാദനത്തിന് കരാറെടുത്തിരിക്കുന്ന മൂന്ന് തായ്വാനീസ് കമ്പനികളും ഇന്ത്യയിൽ ഐഫോണുകൾ അസംബ്ലി ചെയ്യുന്നുണ്ട്. ഫോക്സ്കോൺ ഐഫോൺ 14 ഇന്ത്യയിൽ നിന്ന് തന്നെ ഉത്പാദിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്.

Best Mobiles in India

English summary
98 percentage of Apple iPhones is produced in China. Internal problems in China, such as the spread of COVID, protests, and repression, led to the shutdown of iPhone factories. In many parts of the world, there was a situation where the sale of iPhones was interrupted.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X