എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?

|

ലോകം മുഴുവൻ ഇന്ന് എഐ സാങ്കേതികവിദ്യയ്ക്ക് പുറകേ പോകുകയാണ്. ചാറ്റ്ജിപിറ്റി, ഡാൽ.ഇ, ഗിറ്റ്ഹബ് കോ പൈലറ്റ് എന്ന് തുടങ്ങിയ എഐ ടൂളുകൾ ലോകമാകമാനം ചർച്ച ചെയ്യപ്പെടുന്നു. കമ്പനികൾ മനുഷ്യർക്ക് പകരം എഐ ബോട്ടുകളെ ഇന്റേണുകളായി ജോലിക്കെടുക്കുന്നു. എഐ സാങ്കേതികവിദ്യ സാർവത്രികമായി ഉപയോഗിക്കപ്പെടുമ്പോൾ വലിയ രീതിയിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നത് ഭാവിയുടെ യാഥാർഥ്യങ്ങളിൽ ഒന്നാണ്. ഓരോ തൊഴിൽ മേഖലയിലും മനുഷ്യന് പകരക്കാനായി എഐ ബോട്ടുകൾ എത്തും. മനുഷ്യർക്കും എഐ ബോട്ടുകൾക്കും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന സ്വപ്നചിന്തകളോട് കവിക്ക് യോജിപ്പില്ല. ജോലിയെടുക്കാൻ റോബോട്ടിനെ നിയോഗിക്കുന്നതാണ് ലാഭം എന്ന് വന്ന് കഴിഞ്ഞാൽ പിന്നെ ആരെങ്കിലും മനുഷ്യരെ ഉപയോഗപ്പെടുത്തുമോയെന്നതാണ് പ്രസക്തമായ ചോദ്യം.

ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?

എഐ സാങ്കേതികവിദ്യയിലെ വിപ്ലവകരമായ ചുവട് മാറ്റമെന്നാണ് ചാറ്റ്ജിപിറ്റിയെ ആളുകൾ വിശേഷിപ്പിക്കുന്നത്. മനുഷ്യന് സമാനമായ മറുപടികളുമായി നാളെ ഗൂഗിളിന് വരെ ഭീഷണിയാകുമെന്ന തലത്തിലേക്ക് ചാറ്റ്ജിപിറ്റി വളർന്നു കയറുന്നു. ചാറ്റ്ജിപിറ്റിയുടെ വെല്ലുവിളികൾ നേരിടാൻ എഐ ടൂളുകളുടെ വലിയൊരു ശേഖരം തന്നെ ഗൂഗിളിന്റെ പണിപ്പുരയിൽ തയ്യാറാകുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഈ റിപ്പോർട്ടുകളെ ശരി വയ്ക്കുന്ന വിധത്തിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്.

വാക്കുകൾ സംഗീതമാക്കി മാറ്റാൻ ശേഷിയുള്ള എഐ ടൂളാണ് ടെക്ക് ഭീമൻ അവതരിപ്പിച്ചിരിക്കുന്നത്. അതേ വെറുതെ കുറച്ച് വാക്കുകൾ എന്റർ ചെയ്ത് നൽകിയാൽ അതിന് അനുസരിച്ച് ബാക്ക് ഗ്രൌണ്ട് സ്കോറുകളും മെലഡുകളുമൊക്കെ ഔട്ട്പുട്ടായി നൽകാൻ ശേഷിയുള്ള എഐ. മ്യൂസിക്എൽഎം ( MusicLM ) എന്നാണ് ഈ എഐ ബോട്ടിന് ഗൂഗിൾ നൽകിയിരിക്കുന്ന പേര്. ( MusicLM: Generating Music From Text ) എന്ന പേരിൽ ഒരു റിസർച്ച് പേപ്പറും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.

( musiclm ) മ്യൂസിക്എൽഎം

ചാറ്റ്ജിപിറ്റിയെ പോലെ തന്നെ മ്യൂസിക്എൽഎമ്മിനും നിങ്ങളുടെ ചോദ്യങ്ങൾക്ക് ( നിങ്ങൾ എഐയ്ക്ക് നൽകുന്ന എല്ലാത്തരം നിർദേശങ്ങളും ) മറുപടി നൽകാൻ കഴിയുമെന്ന് വേണമെങ്കിൽ പറയാം. ഉത്തരങ്ങൾ പക്ഷെ സംഗീത രൂപത്തിൽ ആയിരിക്കുമെന്ന് മാത്രം. വാക്കുകൾ ഉപയോഗിച്ച് നിങ്ങൾ നൽകുന്ന ചോദ്യങ്ങൾ, നിർദേശങ്ങൾ, ആവശ്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് തൽക്ഷണം സംഗീതം സൃഷ്ടിക്കാൻ ഗൂഗിൾ മ്യൂസിക്എൽഎമ്മിന് കഴിയും. എന്തിനേറെപ്പറയുന്നു. ചിത്രങ്ങളും അവയുടെ ഡിസ്ക്രിപ്ഷനുകളും വായിച്ച് ചിത്രത്തിന് അനുയോജ്യമായ വിധത്തിൽ മ്യൂസിക് തയ്യാറാക്കാൻ പോലും മ്യൂസിക്എൽമ്മിന് സാധിക്കും. ഇവിടെ ഡിസ്ക്രിപ്ഷനിലെ വികാരവും ശൈലിയും തിരിച്ചറിയാനും അതനുസരിച്ച് സംഗീതം ചിട്ടപ്പെടുത്താമെന്നതും ഈ എഐ ടൂളിന്റെ സവിശേഷതയാണ്.

ടെക്സ്റ്റ് നിർദേശങ്ങളിൽ നിന്ന് മികച്ച സംഗീതം സൃഷ്ടിക്കാൻ ഉള്ള ശേഷിയാണ് മ്യൂസിക്എൽഎമ്മിനെ സവിശേഷമാക്കുന്നത്. നിങ്ങൾക്ക് വയലിനും ഗിത്താറുമൊക്കെ ചേർന്നുള്ള ഒരു മെലഡി കേൾക്കണമെന്നുണ്ടെങ്കിൽ വയലിൻ, ഗിത്താർ, മെലഡി എന്നിങ്ങനെയുള്ള വാക്കുകൾ പ്രോംപ്റ്റുകളായി നൽകിയാൽ മതിയാകും. 24 കിലോ ഹെർട്സ് വരെയുള്ള സംഗീതം സൃഷ്ടിക്കാൻ മ്യൂസിക്എൽഎമ്മിന് ശേഷിയുണ്ട്. ഓഡിയോ ക്വാളിറ്റിയിലും നൽകിയ നിർദേശങ്ങളോട് ചേർന്ന് നിൽക്കുന്നതിലും മ്യൂസിക്എൽഎം നിലവിലുള്ള സിസ്റ്റങ്ങളെയെല്ലാം മറികടക്കുന്നുവെന്നാണ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. വാക്കുകൾ മാത്രമല്ല മെലഡികൾ നൽകിയാലും മ്യൂസിക്എൽഎം ഔട്ട്പുട്ട് നൽകും. വെറുതെ മൂളുന്ന സംഗീതം പോലും തിരിച്ചറിയാനും അതിനനുസരിച്ച് പുതിയൊരു മ്യൂസിക് ട്രാക്ക് നൽകാനും മ്യൂസിക്എൽഎമ്മിന് സാധിക്കുന്നു.

ബ്രീട്ടീഷ് ഇൻഡീ റോക്ക്, ഫോക്ക്, ഹിപ്പ്ഹോപ്പ് എന്നിങ്ങനെ ഏത് ജോൻറെയിലും സംഗീതം തയ്യാറാക്കാൻ മ്യൂസിക്എൽഎമ്മിന് ശേഷിയുണ്ട്. ഏറ്റവും പ്രൊഫഷണലായിട്ടുള്ള സംഗീത സംവിധായകരെപ്പോലെ മ്യൂസിക്എൽഎമ്മിന് പ്രവർത്തിക്കാൻ കഴിയും. റിലാക്സിങ് ജാസ്, മെലഡി ടെക്നോ, എന്നിങ്ങനെ ഏത് തരം മ്യൂസിക്കും മ്യൂസിക്എൽഎമ്മിന് പ്രശ്നമല്ല. ഹിന്ദുസ്ഥാനി, കർണാടിക് തുടങ്ങിയ സംഗീത ശൈലികളിൽ മ്യൂസിക് ഉണ്ടാക്കാൻ മ്യൂസിക്എൽഎമ്മിന് സാധിക്കുമോയെന്നതിൽ തത്കാലം വ്യക്തതയില്ല.

സംഗീത വിപണിയിൽ അടിമുടി മാറ്റങ്ങളാകും എഐ കൊണ്ട് വരികയെന്നതിന്റെ സൂചനയായിട്ടാണ് ടെക്ക് രംഗത്തെ വിദഗ്ധർ മ്യൂസിക്എൽഎമ്മിനെ കാണുന്നത്. നാളെ സിനിമകൾ, സീരീസുകൾ എന്നിങ്ങനെ സകലയിടങ്ങളിലും എഐ സംഗീതം ഉപയോഗപ്പെടുത്തിയേക്കാം. എന്തായാലും സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനുള്ള പരീക്ഷണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.

Best Mobiles in India

English summary
The tech giant has introduced an AI tool capable of turning words into music. AI capable of outputting background scores and melodies based on just entering a few words. The name given by Google to this AI bot is MusicLM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X