ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ​​​​ചൈന ​കൈയടക്കുമെന്ന്; അ‌മേരിക്കയ്ക്ക് ​ചൈനാപ്പേടി!

|
അ‌മേരിക്കയ്ക്ക് ​ചൈനാപ്പേടി!

ഭൂമിയിൽ മാത്രമല്ല മറ്റ് ഗ്രഹങ്ങളിലും ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾ വൻകിട ലോകരാജ്യങ്ങൾക്കിടയിൽ സജീവമാണ്. ഇന്ന് നാം അ‌റിയുന്നതും അ‌റിയാത്തതുമായ നിരവധി ബഹിരാകാശ പദ്ധതികൾ അ‌മേരിക്കയും ​ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തിവരുന്നുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ ശക്തി തങ്ങളാണ് എന്ന് സ്ഥാപിക്കാനാണ് ഈ രാജ്യങ്ങൾ ഇതുവരെ മത്സരിച്ചുകൊണ്ടിരുന്നത്. അ‌തിന്റെ കഷ്ടതകൾ ലോകം പലതവണ ഇതിനോടകം ഏറ്റുവാങ്ങിക്കഴിഞ്ഞു. അ‌തിന്റെ ഇപ്പോഴും ഉണങ്ങാത്ത മുറിപ്പാടുകൾ ചുറ്റിലും നോക്കിയാൽ നമുക്ക് കാണാം. ലോക പോലീസ് ആകാൻ ശ്രമിക്കുന്ന അ‌മേരിക്കയും അ‌മേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തുന്ന, ആരെയും കൂസാത്ത ​​ചൈനയും കഴിഞ്ഞ വർഷം ഏറ്റുമുട്ടലിന്റെ വക്കോളം എത്തിയതും നാം കണ്ടു. ഇപ്പോൾ ഭൂമിയിലെ പലവിധ പ്രശ്നങ്ങളോടൊപ്പം ബഹിരാകാശ രംഗത്തും ഒരു ഏറ്റുമുട്ടലിലേക്ക് ഇരുരാജ്യങ്ങളും നീങ്ങുന്ന സാഹചര്യം ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചന്ദ്രനിൽ കൊമ്പുകോർക്കൽ...

ചന്ദ്രനെച്ചൊല്ലിയാണ് അ‌മേരിക്കയും ​ചൈനയും വീണ്ടും കൊമ്പ് കോർക്കാൻ ഒരുങ്ങുന്നത്. ​സൈനികപരമായും സാമ്പത്തികപരമായും സാങ്കേതികപരമായും ഒന്നാം സ്ഥാനത്തെത്താൻ ​ചൈന അ‌വരുടെ ബഹിരാകാശ പദ്ധതികളിലൂടെ ശ്രമിക്കുന്നതായാണ് അ‌മേരിക്ക ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. അ‌മേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ(NASA)യുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ആണ് ​ചൈനയുടെ ചാന്ദ്ര പദ്ധതികളിൽ ആശങ്ക അ‌റിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ചന്ദ്രനിലെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗത്ത് ആധിപത്യം ഉറപ്പിച്ച് അ‌വകാശവാദം ഉന്നയിക്കാനാണ് ​ചൈനയുടെ നീക്കം എന്നാണ് നാസ അ‌ഡ്മിനിസ്ട്രേറ്റർ പറയുന്നത്. ഇത് ലോകക്രമത്തെയാകെ ഉടച്ച് വാർക്കുമെന്നും അ‌ദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പരമാധികാരം ലക്ഷ്യം

ചന്ദ്രനിൽ വിഭവങ്ങൾ ഏറെയുണ്ടെന്ന് കരുതപ്പെടുന്ന സ്ഥലത്ത് ചൈന ശാസ്ത്രീയ ഗവേഷണ സൗകര്യങ്ങൾ നിർമ്മിക്കുമെന്നും അതിനുശേഷം അതിന്റെ പരമാധികാരം അവകാശപ്പെടുമെന്നും തനിക്ക് ആശങ്കയുണ്ടെന്ന് ബിൽ നെൽസൺ മുന്നറിയിപ്പ് നൽകിയതായി ഇൻഡോ-പസഫിക് സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് (IPCSC) റിപ്പോർട്ട് ചെയ്യുന്നു. ബഹിരാകാശ പദ്ധതി ഉപയോഗിച്ച് ഒരു സൈനിക, സാമ്പത്തിക, സാങ്കേതിക ശക്തിയായി സ്വയം മാറാനുള്ള ചൈനയുടെ ശ്രമങ്ങൾ ഉടൻ തന്നെ ലോകക്രമത്തെ പുനർനിർമ്മിക്കും എന്നാണ് അ‌ദ്ദേഹം പറയുന്നത്. ചന്ദ്രനെ ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ​ചൈന തയാറാക്കുന്നുണ്ട്.

അ‌മേരിക്കയ്ക്ക് ​ചൈനാപ്പേടി!

അ‌മേരിക്കൻ സേനയ്ക്കും ഭയം...

കഴിഞ്ഞ വർഷം ചൈന ഒരു ബഹിരാകാശ നിലയം നിർമ്മിക്കുകയും ചന്ദ്രനെ ചുറ്റിപ്പറ്റി നിരവധി ദൗത്യങ്ങൾ നടത്തുകയും ചെയ്തു. 2025-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചാന്ദ്രപദ്ധതി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഒരു സ്വയംഭരണ ചാന്ദ്ര ഗവേഷണ കേന്ദ്രം നിർമ്മിക്കാനുള്ള ബെയ്ജിങ് പദ്ധതിയുടെ ഭാഗമാണെന്നും ഐപിസിഎസ് സി റിപ്പോർട്ട് ചെയ്യുന്നു. നാസ അ‌ഡ്മിനിസ്ട്രേറ്റർക്ക് മാത്രമല്ല, അ‌മേരിക്കൻ ​സൈനിക മേധാവികൾക്കും ​ചൈനയുടെ ചാന്ദ്ര-ബഹിരാകാശ പദ്ധതികളിൽ ആശങ്കയുണ്ട്.

സാമ്പത്തിക നേട്ടത്തിനായും തന്ത്രപരമായ കാരണങ്ങളാലും ചന്ദ്രനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ​ചൈന അ‌മേരിക്കയ്ക്ക് ഭീഷണിയാകുമെന്നും ഒരു പക്ഷേ അ‌മേരിക്കയെ മറികടന്ന് ​ചൈന ബഹിരാകാശ രംഗത്തെ ശക്തിയായി മാറുമെന്ന് താൻ ഭയപ്പെടുന്നതായും യുഎസ് ബഹിരാകാശ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് നീന അർമാഗ്നോ കഴിഞ്ഞ വർഷം നവംബറിൽ തുറന്നു പറഞ്ഞിരുന്നു. ബഹിരാകാശത്തെ ​​ചൈന ​സൈനിക വൽക്കരിക്കുമോ എന്നതാണ് തന്റെ ഏറ്റവും വലിയ പേടി എന്നാണ് നീന അർമാഗ്നോ പറയുന്നത്.

​ചൈനീസ് പദ്ധതികൾ...

ലോങ് മാർച്ച് 8 ആർ, ലോങ് മാർച്ച് 9 തുടങ്ങിയ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, ഉപഭ്രമണപഥത്തിലെയും ഭ്രമണപഥത്തിലെയും ബഹിരാകാശ പേടകങ്ങൾ തുടങ്ങിയ സൈനിക- ബഹിരാകാശ സാങ്കേതികവിദ്യകൾ ചൈന വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതെല്ലാം ഭയപ്പെടുത്തുന്നതായും അർമാഗ്നോ പറയുന്നു. അ‌ൻപത് വർഷങ്ങൾക്കിപ്പുറം വീണ്ടും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച് ആർട്ടിമിസ് ദൗത്യങ്ങളുമായി അ‌തിവേഗം മുന്നോട്ടുപോകുകയാണ് ​നാസ. 2025 ലക്ഷ്യം ​​കൈവരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് നാസയുടെ നീക്കങ്ങൾ. ഏതാണ്ട് അ‌തേ പാതയിൽത്തന്നെയാണ് ​ചൈനയും മുന്നോട്ട് പോകുന്നത്.

ഒരേ പാതയിൽ രണ്ട് വൻ ശക്തികൾ...

മനുഷ്യനെ ചന്ദ്രനിലിറക്കൽ, ബഹിരാകാശ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, ഓൺ-ഓർബിറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചൈനയുടെ ബഹിരാകാശ വികസന ലക്ഷ്യങ്ങളെക്കുറിച്ച് ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷന്റെ (സിഎഎസ്‌സി) ചെയർമാൻ വു യാൻഷെങ് കഴിഞ്ഞമാസം വിശദീകരിച്ചിരുന്നു. ​ചൈനയും ഇനി ശ്രദ്ധകേന്ദ്രീകരിക്കുന്നത് ​ചന്ദ്രനിലാണെന്നും ഇനി 'യുദ്ധം' ചന്ദ്രനെച്ചൊല്ലിയാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തൽ. ഒരേ പാതയിൽ രണ്ട് വൻ ശക്തികൾ കുതിക്കുമ്പോൾ മത്സരം ഉണ്ടാകുക സ്വഭാവികമാണ്. എന്നാൽ ആദ്യമെത്തി ​ചൈന ആധിപത്യം സ്ഥാപിക്കുമോ എന്നതാണ് അ‌മേരിക്ക ഭയപ്പെടുന്നത്.

അ‌മേരിക്കയ്ക്ക് ​ചൈനാപ്പേടി!

ഈ വർഷം നിർണായകം...

ഈ വർഷം ​​ചൈന നടത്തുന്ന ബഹിരാകാശ ദൗത്യങ്ങൾ നിരവധിയാണ്. 60-ലധികം ബഹിരാകാശ ദൗത്യങ്ങളിലായി 200-ലധികം ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കാൻ ചൈന പദ്ധതിയിട്ടിട്ടുണ്ട്. ബഹിരാകാശത്ത് പ്രവേശിക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ചൈനയുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനായി ടിയാൻ‌സോ-6 കാർഗോ ക്രാഫ്റ്റ്, ഷെൻ‌സോ-16, ഷെൻ‌ഷോ-17 ഫ്ലൈറ്റ് മിഷനുകൾ അ‌ധികം ​വൈകാതെ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. ചാങ്'ഇ-7, മാർസ് പ്രോബ് ടിയാൻവെൻ-2 എന്നിവ വികസിപ്പിച്ച് ചാന്ദ്ര ദൗത്യങ്ങളുടെ നാലാം ഘട്ടം 2023 ലും സമഗ്രമായി മുന്നോട്ട് കൊണ്ടുപോകുകയും കാരിയർ റോക്കറ്റ് ലോങ് മാർച്ച് -6 സി യുടെ ആദ്യ വിക്ഷേപണം ചൈന ഈ വർഷം​ ​ നടത്തുകയും ചെയ്യുമെന്ന് ഐപിസിഎസ്‌സി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കില്ലർ ഉപഗ്രഹങ്ങൾ

ചന്ദ്രനിൽ ​ചൈന ആധിപത്യം സ്ഥാപിക്കുമെന്നത് ഇനി നടക്കാനിരിക്കുന്ന കാര്യമാണ്. എന്നാൽ അ‌മേരിക്കയ്ക്ക് സർവനാശം വിതയ്ക്കാൻ കഴിയുന്ന നീക്കങ്ങൾ ഇതിനകം തന്നെ ബഹിരാകാശത്ത് ​ചൈനയും റഷ്യയും നടത്തിക്കഴിഞ്ഞു എന്നും ഐപിസിഎസ്‌സി റിപ്പോർട്ടിലുണ്ട്. യുഎസ് ഉപഗ്രഹങ്ങളെ നശിപ്പിക്കാനും യുഎസ് കരസേനയെ തകർക്കാനും ശേഷിയുള്ള 'കില്ലർ ഉപഗ്രഹങ്ങൾ' ഇതിനോടകം ​ചൈനയും റഷ്യയും സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.

ഇതെല്ലാം അ‌മേരിക്കയുടെ ​ചൈനാപ്പേടിയുടെ പിന്നിലെ കാരണങ്ങളാണ്. ​ചൈനയുടെ വർധിച്ചുവരുന്ന ബഹിരാകാശ ദൗത്യങ്ങളും നീക്കങ്ങളും ഏറെ നാൾ മുമ്പുതന്നെ അ‌മേരിക്കയെ ഭയപ്പെടുത്തിത്തുടങ്ങിയിരുന്നു. ചൈനയുടെ നീക്കങ്ങൾ തടയാൻ അ‌മേരിക്കൻ ​സൈന്യത്തിന്റെ ആറാമത്തെ വിഭാഗമായി 2019 ൽ രൂപീകരിക്കപ്പെട്ട ബഹിരാകാശ സേന അ‌തിന്റെ തെളിവാണ്. അ‌ന്നത്തെ അ‌മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലായിരുന്നു ഈ സേനാരൂപീകരണം.

Best Mobiles in India

English summary
The NASA administrator alleged that China is trying to become the world's leader militarily, economically, and technologically through its space programs. NASA Administrator Bill Nelson says that China's move to claim the most strategic part of the moon will disrupt the entire world order.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X