ഫാബ്‌ലറ്റ് മത്സരത്തിന് കോബിയാന്‍ മാഗിക്യുവും; സവിശേഷതയിലും വിലയിലും മത്സരിക്കാന്‍ മൈക്രോമാക്‌സും സ്‌പൈസും

Posted By: Staff

ഫാബ്‌ലറ്റ് മത്സരത്തിന് കോബിയാന്‍ മാഗിക്യുവും; സവിശേഷതയിലും വിലയിലും മത്സരിക്കാന്‍ മൈക്രോമാക്‌സും സ്‌പൈസും

സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് മത്സരങ്ങള്‍ കണ്ടുപരിചയിച്ച വിപണിയിലിപ്പോള്‍ ഫാബ്‌ലറ്റ് മത്സരവും തകൃതിയാകുന്നു. സാംസംഗ്, എച്ച്ടിസി, എല്‍ജി, മൈക്രോമാക്‌സ്, സ്‌പൈസ് ഉള്‍പ്പടെ വിവിധ കമ്പനികളുടെ ഫാബ്‌ലറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് ഇത് ബജറ്റ്  ഗാഡ്ജറ്റ് പ്രേമികളെ ആകര്‍ഷിക്കാന്‍ കോബിയാന്‍ മെര്‍ക്കുറി മാഗിക്യു ഫാബ്‌ലറ്റും.

12,700 രൂപയ്ക്കാണ് കോബിയാന്റെ ആന്‍ഡ്രോയിഡ് ഐസിഎസ് ഫാബ്‌ലറ്റ് എത്തുന്നത്. 5 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീനുള്ള മാഗിക്യുവില്‍ 1 ജിഗാഹെര്‍ട്‌സ് സിംഗിള്‍ കോര്‍ പ്രോസസറാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4 ജിബി ഇന്റേണല്‍ മെമ്മറി, 512 എംബി റാം സൗകര്യമുള്ള ഇത് ഡ്യുവല്‍ സിം പിന്തുണയുള്ള ഹാന്‍ഡ്‌സെറ്റാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിലെ മെമ്മറിയെ 32 ജിബി വരെ ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡിലൂടെ സാധിക്കും.

12 മെഗാപിക്‌സല്‍ ക്യാമറയെ കൂടാതെ വീഡിയോ കോളിംഗിന് സഹായിക്കുന്ന ഒരു സെക്കന്ററി ക്യാമറയും ഇതിലുണ്ട്. ബ്ലൂടൂത്ത്, 3ജി, വൈഫൈ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 15 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ടൈമും 13 മണിക്കൂര്‍ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്ന ബാറ്ററിയാണ് ഫോണില്‍ വരുന്നത്.

വിലയില്‍ കോബിയാന്‍ മെര്‍ക്കുറി മാഗിക്യുവിനോട് മത്സരിക്കാന്‍ പോകുന്നത് പ്രധാനമായും രണ്ട് ഉത്പന്നങ്ങളാണ്. മൈക്രോമാക്‌സ് കാന്‍വാസ് എ100 (Micromax Canvas A100), സ്‌പൈസ് സ്റ്റെല്ലര്‍ ഹൊറിസോണ്‍ എംഐ500 (Spice Stellar Horizon Mi500) എന്നിവ. 5 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഈ രണ്ട് ഉത്പന്നങ്ങള്‍ക്കും ഉള്ളത്. എന്നാല്‍ വിലയിലും മറ്റ്  സവിശേഷതകളിലും ചെറിയ മാറ്റങ്ങള്‍ കാണാം.

ഡ്യുവല്‍ കോര്‍ പ്രോസസറാണ് കാന്‍വാസ് എ100 ഫാബ്‌ലറ്റില്‍ ഉള്‍പ്പെടുന്നത്. കോബിയാന്‍ മെര്‍ക്കുറിയുമായി കാന്‍വാസ് എ100നുള്ള മറ്റ് സാമ്യതകളില്‍ പ്രധാനം ഡ്യുവല്‍ സിം പിന്തുണയും ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തിലെ പ്രവര്‍ത്തനവുമാണ്. ഇത് കൂടാതെ 4 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 32 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി എന്നിവയിലും ഇവ തമ്മില്‍ സാദൃശ്യമുണ്ട്. 2000mAh ബാറ്ററിയുള്ള മൈക്രോമാക്‌സ് കാന്‍വാസ് എ100 പക്ഷെ 5 മെഗാപിക്‌സല്‍ ക്യാമറയിലാണ് എത്തുന്നത്. 9,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില.

ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം, 5 മെഗാപിക്‌സല്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, ഡ്യുവല്‍ സിം പിന്തുണ എന്നിവ സഹിതം വിപണിയിലെത്തിയ മറ്റൊരു ഉത്പന്നമാണ് സ്‌പൈസ് സ്റ്റെല്ലര്‍ ഹൊറിസോണ്‍ എംഐ500. 11,999 രൂപയാണ് ഇതിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot