ഏജെന്റ് ജാദൂ വ്യാജ സിഡി പിടിയ്ക്കുമോ ?

Posted By: Staff

ഏജെന്റ് ജാദൂ വ്യാജ സിഡി പിടിയ്ക്കുമോ ?

മലയാള സിനിമാ രംഗത്ത് വ്യാപകമായ സൈബര്‍ പൈറസിയ്‌ക്കെതിരെ ശക്തമായ ആയുധമായി രംഗത്ത് വന്ന സോഫ്റ്റ് വെയറാണ്  ഏജെന്റ് ജാദൂ. കൊച്ചിയിലെ ജാദൂ ടെക് സൊല്യൂഷന്‍സ് വികസിപ്പിച്ച ഈ സോഫ്റ്റ് വെയര്‍ ഈയടുത്ത് സൈബര്‍ പൈറസിക്കാര്‍ക്കിട്ട് കൊടുത്ത പണി പ്രശസ്തമാണല്ലോ. സോഫ്റ്റ് വെയറില്‍ ഫില്‍ട്ടറുകളായി സൂക്ഷിയ്ക്കപ്പെട്ടിട്ടുള്ള ചലച്ചിത്ര സാമ്പിള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സമുദ്രത്തില്‍ മുങ്ങിത്തപ്പിയാണ് ഈ വിരുതന്‍  തേജസ് നായരുമാരെ പിടികൂടുന്നത്. സിനിമാ ഗാനങ്ങളുടെ സംരക്ഷണത്തിനും ഈ സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്താനാകും.

പൈറസി മൂലം പ്രതിവര്‍ഷം കോടികളുടെ നഷ്ടം ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ സിനിമാരംഗത്ത് പുത്തന്‍ പ്രതീക്ഷയായാണ് ജാദു അവതരിച്ചത്. പുതുതായിറങ്ങുന്ന ഒരുമാതിരിപ്പെട്ട എല്ലാ മലയാള ചിത്രങ്ങളും ഈ സോഫ്റ്റ് വെയറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. പതിയെ ഭാഷയുടെ വരകള്‍ കടന്ന് തമിഴ് പോലെയുള്ള അന്യഭാഷാ ചിത്രങ്ങളുടെ സംരക്ഷണം കൂടി ഏറ്റെടുക്കാനുള്ള യാത്രയിലാണ് ഈ സോഫ്റ്റ് വെയര്‍.

ആരാണീ എജെന്റ് ജാദൂ ?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിയ്ക്കുമ്പോഴും ഒരു ചോദ്യം ബാക്കിയാണ്. മലയാള സിനിമാ ലോകം വ്യാജന്മാരുടെ പിടിയില്‍ നിന്നും മുക്തി നേടിയോ? കാര്യം ശരിയാണ് ഈ വര്‍ഷം മലയാളസിനിമയില്‍ റെക്കോര്‍ഡ് നിക്ഷേപവും നേട്ടവുമൊക്കെ ഉണ്ടായിട്ടുണ്ട്. നവതരംഗത്തിന് നന്ദി. പക്ഷെ ചോദ്യം ഇതാണ്, എന്താണ് പൈറസിയുടെ സ്ഥിതി?

മലയാളത്തിലെ സൈബര്‍ പൈറസി ഏതാണ്ട് ഒടുങ്ങി എന്ന് തന്നെ പറയാം. പക്ഷെ അപ്പോള്‍ കൂടുതല്‍ കരുത്താര്‍ജിച്ചത് പരമ്പരാഗത വ്യാജ സിഡി വ്യവസായമാണ്. ഇരുപതോ മുപ്പതോ രൂപ മുടക്കിയാല്‍ 3 സിനിമ കിട്ടുമ്പോള്‍ ഇന്ത്യക്കാര്‍ ആരെങ്കിലും 100 രൂപ വിലയ്ക്ക് ഒറിജിനല്‍ സിഡി വാങ്ങുമോ ? മോസര്‍ബെയര്‍ 32 രൂപയ്ക്ക് ഡിവിഡി വിറ്റ കാലമൊക്കെ കഥയായി. അതോടെ ജനങ്ങളുടെ ശ്രദ്ധ വീണ്ടും വഴിവക്കിലും, ബസ് സ്റ്റാന്റിലും ഒളിഞ്ഞും തെളിഞ്ഞും വിരാജിയ്ക്കുന്ന വ്യാജനിലേയ്ക്കായി.

ഇന്റര്‍നെറ്റിന്റെ വര്‍ധിച്ച സ്വാധീനം വഴിവക്കില്‍ നിന്നും ടൊറന്റിലേയ്ക്കും, യൂട്യൂബിലേയ്ക്കും വിദ്യാര്‍ത്ഥികളും, മുതിര്‍ന്നവരും അടക്കമുള്ള പ്രേക്ഷകസമൂഹത്തെ നയിച്ചതോടെ പൈറസിയുടെ പ്രവാഹം അനിയന്ത്രിതമാകുകയായിരുന്നു.  കേവലം തിയേറ്റര്‍ പ്രിന്റുകളുടെ വില്പനയും, വിതരണവും മാത്രമല്ല പൈറസി.  ഒറിജിനല്‍ സിഡി,ഡിവിഡി തുടങ്ങിയവയുടെ അനധികൃത പകര്‍പ്പുകള്‍ ഉണ്ടാക്കി വില്‍ക്കുന്നതും, പ്രചരിപ്പിയ്ക്കുന്നതും തുല്യപ്രാധാന്യമുള്ള പൈറസി തന്നെയാണ്.

ഇന്നിപ്പോള്‍ ഏജെന്റ് ജാദു വന്ന് ഇന്റര്‍നെറ്റ് തൂത്തു തുടച്ച് വെടിപ്പാക്കി. അപ്പോള്‍ പുറത്ത് വ്യാജന്മാരുടെ വിളയാട്ടത്തിന്റെ നഷ്ടപ്രതാപം പതിന്മടങ്ങായി തിരിച്ചു കിട്ടുകയായിരുന്നു. പുത്തന്‍ പടത്തിന്റെ ഒറിജിനല്‍ സിഡി ഇറങ്ങിയാല്‍ പിറ്റേന്ന് വ്യാജന്‍ അന്തര്‍സംസ്ഥാന വിപണികളില്‍ വരെ റെഡി.  പോണ്ടിച്ചേരിയിലേയും മറ്റും വ്യാജ സിഡി വിപണി കണ്ടാല്‍ ഏത് നിര്‍മ്മാതാവിനും തല്‍ക്ഷണം ഹൃദയാഘാതം ഉറപ്പാണ്.

നെറ്റ് വഴി പങ്കുവയ്ക്കാനാകാത്ത സിനിമകള്‍ ഇപ്പോള്‍ വ്യാജ സിഡികളില്‍ നിന്നും, പെന്‍ഡ്രൈവുകള്‍ ഏറി സ്‌കൂള്‍, കോളേജ്, ഓഫീസ് വട്ടങ്ങളിലൂടെ വ്യാപിയ്ക്കുകയാണ്. ടാബ്ലെറ്റുകളും, സ്മാര്‍ട്ട്‌ഫോണുകളും എണ്ണത്തില്‍ ഏറിയതോടെ കളി ശരിയ്ക്കും ഉഷാറായി.  വ്യാജ സിഡികളില്‍ നിന്നും വളരെ എളുപ്പത്തില്‍ പല ഫോര്‍മാറ്റുകളില്‍ 'കള്ളന്‍' ഒഴുകുകയാണ്.  തടയാമെങ്കില്‍ തടഞ്ഞോ എന്ന് ജാദുവിനെ വെല്ലുവിളിച്ചു കൊണ്ട്. ഇടയ്‌ക്കൊന്നു ചോദിച്ചോട്ടെ, ഉസ്താദ് ഹോട്ടലിന്റെ പകര്‍പ്പ് നിങ്ങള്‍ക്കും കിട്ടിയില്ലേ?

നെറ്റിന്റെ മുമ്പില്‍ കുത്തിയിരിയ്‌ക്കേണ്ട കഷ്ടപ്പാടില്ലല്ലോ. സാമ്പത്തികപരമായും നേട്ടം തന്നെ. സത്യത്തില്‍ ജാദു, വ്യാജന്മാരെ ഒരര്‍ത്ഥത്തില്‍ സഹായിയ്ക്കുകയല്ലേ എന്ന് തോന്നിപ്പോകുന്നു. ഏതായാലും ഇനിയും കടുത്ത നടപടികള്‍ വേണ്ടിയിരിയ്ക്കുന്നു സിനിമയെ കരകയറ്റാനും, വ്യാജന്മാരെ നിര്‍മാര്‍ജ്ജനം ചെയ്യാനും.

ടോപ് 5 ഒളി ക്യാമറകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot