പെന്‍ഡ്രൈവുകള്‍ ഇന്റര്‍നെറ്റ്‌ സുരക്ഷയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി- ഇന്ത്യന്‍ ആര്‍മി

Posted By: Staff

പെന്‍ഡ്രൈവുകള്‍  ഇന്റര്‍നെറ്റ്‌ സുരക്ഷയ്ക്ക്  ഏറ്റവും വലിയ വെല്ലുവിളി- ഇന്ത്യന്‍ ആര്‍മി

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പെന്‍ഡ്രൈവുകളാണ്  പ്രതിരോധ മേഖലയിലെ   സൈബര്‍ സുരക്ഷയ്ക്ക് ഏറ്റവും വലിയ വെല്ലു വിളിയുയര്‍ത്തുന്നതെന്ന് ഇന്ത്യന്‍ മിലിട്ടറി പറയുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഉപയോഗം നിരോധിക്കപ്പെട്ടിരുന്നെങ്കിലും പട്ടാള ഉദ്യോഗസ്ഥന്മാരുടെ ഇടയില്‍ പെന്‍ ഡ്രൈവുകളുടെ ഉപയോഗം വളരെയധികമായി തുടരുന്നുണ്ട്. സൈബര്‍ സുരക്ഷയിലെ പാളിച്ചകളില്‍ 70  ശതമാനത്തോളം പെന്‍ ഡ്രൈവുകളുടെ സംഭാവനയാണത്രെ.

ചൈനയില്‍ നിര്‍മിക്കപ്പെട്ട പെന്‍ ഡ്രൈവുകളാണ് പ്രധാന  ഭീഷണി. വളരെ ഗുരുതരമായ ഒരു വിഷയമെന്ന നിലയില്‍ ഇതിനെ കണ്ടുകൊണ്ട് , പ്രധാനപ്പെട്ട മിലിട്ടറി നെറ്റ് വര്‍ക്കുകളെ ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷിക്കാന്‍, പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ മിലിട്ടറി ആസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

വ്യോമസേനയും, നാവികസേനയും ഒരു പോലെ നെറ്റ് വര്‍ക്ക് സുരക്ഷാ സംബന്ധിയായ പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പെന്‍ ഡ്രൈവുകളിലും , സ്വകാര്യ കമ്പ്യൂട്ടറുകളിലും സൂക്ഷിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനെതിരായുള്ള പ്രവര്‍ത്തികള്‍ കോര്‍ട്ട് മാര്‍ഷല്‍ വരെ നേരിടേണ്ടി വരുന്ന കുറ്റമായാണ്  കണക്കാക്കിയിരിക്കുന്നത്. പല ഉദ്യോഗസ്ഥരും ഔദ്യോഗിക വിവരങ്ങള്‍ സ്വകാര്യ കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയൊരു സുരക്ഷാ പാളിച്ചയാണ്. കാരണം സ്വകാര്യ കമ്പ്യൂട്ടറുകള്‍ വളരെ എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.

ഈ സൈബര്‍ ഭീഷണികളെ ചെറുക്കാനായി നാഷണല്‍ സെക്ക്യൂരിറ്റി കൌണ്‍സില്‍ ഹാക്കിംഗ് സാധ്യത ഏറെയുള്ള സൈബര്‍ മേഖലകള്‍ കണ്ടെത്താന്‍ ഇന്റെലിജെന്‍സ്‌ ഏജെന്‍സികളുമായി ചേര്‍ന്ന് ശ്രമമാരംഭിച്ചിട്ടുണ്ട്. മിക്കവാറും കുറച്ചു നാളുകള്‍ക്കുള്ളില്‍ മിലിട്ടറി നെറ്റ് വര്‍ക്കുകള്‍ മുഴുവന്‍ സുരക്ഷിതമാകാം. അതോടൊപ്പം പെന്‍ ഡ്രൈവുകള്‍ പൂര്‍ണമായും നിരോധിക്കപ്പെടാം.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot