ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ഹാക്കിംഗ് ഭീഷണി: സിഇആര്‍ടി-ഇന്‍

Posted By: Staff

ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ഹാക്കിംഗ് ഭീഷണി: സിഇആര്‍ടി-ഇന്‍

സര്‍ക്കാര്‍, സ്വകാര്യ സംഘടനകളുടെ വെബ്‌സൈറ്റുകള്‍ ഹാക്കിംഗ് ഭീഷണിയിലാണെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇന്ത്യ (സിഇആര്‍ടി-ഇന്‍) അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സിഇആര്‍ടി മുന്നറിയിപ്പ് നല്‍കി.

''ചില ഹാക്കിംഗ് ഗ്രൂപ്പുകള്‍ ഇന്ത്യയിലെ സര്‍ക്കാര്‍, സ്വകാര്യ വെബ്‌സൈറ്റുകള്‍ക്ക് മേല്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വ്വീസ് (ഡിഡിഒഎസ്) ആക്രമണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രശസ്തമായ സംഘടനകളുടെ വ്യത്യസ്ത വെബ്‌സൈറ്റുകളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.'' കമ്പ്യൂട്ടര്‍ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ദേശീയ ഏജന്‍സിയായ സിഇആര്‍ടി അതിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

പ്രമുഖ ഡിഡിഒഎസ് ടൂളുകള്‍ വഴിയാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ ആവശ്യമായ കരുതലുകള്‍ ഓരോ ഉപയോക്താക്കളും സ്വീകരിക്കണമെന്നും സൈറ്റ് അറിയിച്ചു. നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ട്രാഫിക്ക് പാറ്റേണുകള്‍ ശ്രദ്ധിക്കണമെന്നും അതില്‍ കാര്യമായ വര്‍ധന കാണുകയാണെങ്കില്‍ അക്കാര്യം incident@cert-in.org.in എന്ന വിലാസത്തില്‍ അറിയിക്കണമെന്നും സിഇആര്‍ടി  അറിയിച്ചു.

ഡിഡിഒഎസ് ആക്രമണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഡിഡിഒഎസ് പ്രതിരോധ സംവിധാനം നടപ്പിലാക്കുക, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍, നെറ്റ്‌വര്‍ക്ക് വെണ്ടര്‍, സെക്യൂരിറ്റി വെണ്ടര്‍ എന്നിവരുടെ കോണ്ടാക്റ്റുകള്‍ തയ്യാറാക്കി വെക്കുക തുടങ്ങി ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും സിഇആര്‍ടി-ഇന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ലോക്‌സഭയില്‍ അടുത്തിടെ ഐടി മന്ത്രി സച്ചിന്‍ പൈലറ്റ് നടത്തിയ പ്രസ്താവനയില്‍ ഡിസംബര്‍ 2011 മുതല്‍ ഫെബ്രുവരി 2012 വരെ 112 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബിഎസ്എന്‍എല്‍, കേരള സര്‍ക്കാര്‍ വെബ്‌സൈറ്റ് എന്നിവ ഇതില്‍ പെടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot